Monday 14 June 2010

മൂകാംബികാ സ്തോത്രം

അദ്രിനിവാസിനി ദേവി മൂകാംബികേ !
വിദ്യാസ്വരൂപിണി മൂകാംബികേ !
ആത്മപ്രകാശിനീ ദേവി മൂകാംബികേ !
ആത്മാനന്ദപ്രദേ മൂകാംബികേ !

ഇന്ദീവരേക്ഷണേ ഇന്ദുബിംബാനനേ
ഇന്ദുചൂഡ പ്രിയേ! മൂകാംബികേ !
ഈരേഴുലകിനു കാരണഭൂതയായ്
മേവീടുമംബികേ മൂകാംബികേ !

ഉള്ളം തെളിവതിനുള്ളില്‍ വാണീടണ-
മുള്ളനാളൊക്കെയും മൂകാംബികേ !
ഊനം വരുത്തണം രോഗങ്ങള്‍ക്കൊക്കെയും
ദീനദയാനിധേ മൂകാംബികേ !

എന്നെക്കനിവോടെ കാത്തരുളേണമെ-
ന്നംബേ ദയാനിധേ മൂകാംബികേ !
ഏണാങ്കബിംബാനനേ മനോമോഹനേ
മാഹേശ്വരപ്രിയേ മൂകാംബികേ !

ഐഹികസൌഖ്യവും മോക്ഷവും നല്‍കുന്ന
മോഹവിനാശിനീ മൂകാംബികേ !
ഒക്കെയുപേക്ഷിച്ചു നിന്‍പാദപങ്കജം
ചൊല്‍ക്കൊണ്ടു കാണായി മൂകാംബികേ !

ഓതുന്ന വേദപ്പൊരുളായി മേവുന്ന
പാതകനാശിനി മൂകാംബികേ !
ഔഡുപമാലയണിഞ്ഞു വിളങ്ങുന്ന
ദിവ്യജനാര്‍ച്ചിതേ മൂകാംബികേ !

അന്തരമെന്നിയേ ചിന്തിപ്പവര്‍ക്കുള്ള
സന്താപനാശിനീ മൂകാംബികേ !
മൂകാംബികേ ദേവി മൂകാംബികേ ദേവീ !
മൂകാംബികേ ദേവി മൂകാംബികേ !

No comments: